ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കിൽ, വേമ്പനാട്, കൈതപ്പുഴ കായലുകളാൽ ചുറ്റപ്പെട്ട മനോഹരമായ ഒരു ദ്വീപ് സമൂഹമാണ് കുമ്പളം ഗ്രാമപഞ്ചായത്ത്. ഈ പ്രദേശത്തിന്റെ ചരിത്രത്തിന് സാമൂഹികവും ഭൂമിശാസ്ത്രപരവുമായ വലിയ പ്രാധാന്യമുണ്ട്.
നൂറ്റാണ്ടുകൾക്കു മുമ്പ് കുമ്പളത്ത് ഏതാനും നമ്പൂതിരി കുടുംബങ്ങൾ ആണ് പ്രമുഖമായും ഉണ്ടായിരുന്നത് . ഭൂമി മുഴുവൻ മനവകയും ദേവസ്വംവകയുമായിരുന്നു. കാല ക്രമത്തിൽ നമ്പൂതിരി കുടുംബങ്ങൾ ക്ഷയിക്കുകയും ഭൂമി ഏതാനും നായർ കുടുംബങ്ങളുടെ അധീനതയിൽ എത്തിച്ചേരുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം കുമ്പളത്ത് നായന്മാരും പനങ്ങാട് ഏതാനും നായർ ഈഴവ കുടുംബങ്ങളും, ചേപ്പനത്ത് കോയിക്കൽ കുടുംബവും ആണ് ജന്മിമാരായി ഉണ്ടായിരുന്നത്. കുമ്പളത്ത് നായർ പ്രമാണിമാരിലൊരാളായ തണ്ടാശ്ശേരി കുടുംബത്തിലെ പണിക്കരു കപ്പിത്താൻ കൊച്ചി രാജാവിന്റെ സേനാനായകനായിരുന്നു. അന്നു നായർ പട്ടാളത്തിന്റെ ക്യാമ്പും കുമ്പളത്തുണ്ടായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തിവാണ കാലഘട്ടമായിരുന്നു അത്. താഴ്ന്ന ജാതിയിലെ സ്ത്രീകൾക്ക് മാറുമറക്കാൻ അവകാശമുണ്ടായിരുന്നില്ല. ആരാധനാലയങ്ങളിൽ അവർക്ക് പ്രവേശനമുണ്ടായിരുന്നില്ലെങ്കിലും ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് ദൂര പരിധിക്കു വിധേയമായി ചില പ്രത്യേക സ്ഥലത്ത് പ്രത്യേക ചടങ്ങുകൾ നടത്താൻ അവസരമുണ്ടായിരുന്നു. കീഴജാതിക്കാരുടെ മുടിയാട്ട് പനങ്ങാട് കമോത്ത് ക്ഷേത്രത്തിൽ നടക്കാറുണ്ടായിരുന്നു. ചേപ്പനം പാനപ്പറമ്പ് ക്ഷേത്രത്തിലെ മുടിയേറ്റുത്സവം പ്രസിദ്ധമായിരുന്നു. 90 ശതമാനം ഭൂമിയും വിരലിലെണ്ണാവുന്ന ഭൂവുടമകളുടെ കൈവശമായിരുന്നു. കേസുകൾ തീർപ്പുകൽപ്പിക്കുന്നതിന് എറണാകുളത്ത് അഞ്ചിക്കൈമൾ കോടതി സംവിധാനമാണ് നിലനിന്നിരുന്നത്. ഈ കോടതിയുടെ തീർപ്പ് അവസാനവാക്കായിരുന്നു. 1945-ലെ ക്ഷേത്രപ്രവേശന വിളംബരം സാമൂഹ്യമായും 1970-ലെ ഭൂപരിഷ്ക്കരണം സാമ്പത്തികമായും അധഃസ്ഥിത വിഭാഗത്തെ ഉയർത്തുന്നതിൽ കാര്യമായ പങ്കുവഹിച്ചു. മതംമാറി ക്രിസ്‌ത്യാനിയായാൽ അയിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയും എന്നുള്ളതു കൊണ്ടുമാണ് മതം മാറാൻ ഒരു വിഭാഗം അന്ന് തയ്യാറായിരുന്നു. ആദ്യമായി 150-ഓളം വർഷങ്ങൾക്കു മുമ്പ് പനങ്ങാട്ട് സെന്റ് ആന്റണീസ് സ്കൂൾ സ്ഥാപിക്കപ്പെട്ടു. 1913-ൽ കുമ്പളം സെന്റ് മേരീസ് സ്കൂൾ, കൊല്ലവർഷം 1100-ഓടുകൂടി കുമ്പളം എസ്.ആർ.വി.എസ്.എം.ജി.എൽ.പി.സ്കൂൾ എന്നിവ ആരംഭിച്ചു. ഉദയത്തുംവാതിൽ ചാമക്കാട് കുടിപ്പള്ളിക്കൂടം നിലവിലുണ്ടായിരുന്നു. നിലത്തെഴുത്തു ത്തു കഴിഞ്ഞാൽ അമരകോശമായിരുന്നു അവിടുത്തെ അദ്ധ്യയനം. 1928-ലാണ് കീഴ്ത്താതിക്കാർക്ക് വിദ്യാലയങ്ങളിൽ പ്രവേശനം അനുവദിച്ചത്. കുമ്പളം ഗേൾസ് ഹൈസ്കൂളാണ് പഞ്ചായത്തിൽ ആദ്യമാരംഭിച്ച ഹൈസ്കൂൾ ടി.ആർ.രാഘവപണിക്കർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്ററും മാനേജരും. പെരുമ്പടപ്പു സ്വരൂപത്തിൽപ്പെട്ട രാജാക്കൻമാർ ഭരിച്ചിരുന്ന കൊച്ചി രാജ്യം ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ചിരുന്നു. രാജാവിനുവേണ്ടി ഭരണം നടത്തിരുന്ന ദിവാൻ പദവി വഹിച്ചിരുന്നവരിൽ പിൽക്കാലത്ത് ഇൻഡ്യയുടെ ധനകാര്യമന്ത്രിയായ ഷൺമുഖം ചെട്ടിവരെ ഉൾപ്പെടുന്നു. 1945-ൽ കൊച്ചിരാജ്യ പ്രജാമണ്ഡലത്തിന്റെ ഒരു ശാഖക്ക് കുമ്പളത്ത് രൂപം നൽകി. 1949-ൽ കൊച്ചി രാജ്യപ്രജാമണ്ഡലം കോൺഗ്രസ്സിൽ ലയിച്ചു. ഡി.കെ.വാദ്ധ്യാർ 1934-ൽ കുമ്പളത്ത് ഒരു കുടിപ്പള്ളിക്കുടം ആരംഭിക്കുകയും ഖാദി പ്രചരിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുകയും ചെയ്തു. നെൽകൃഷിയായിരുന്നു ജനങ്ങളുടെ പ്രധാന ജീവനോപാധി. തെങ്ങും വ്യാപകമായി കൃഷി ചെയ്യപ്പെട്ടിരുന്നു. ഭൂമി ഏതാനും വ്യക്തികളിൽ കേന്ദ്രീകരിച്ചിരുന്നു. ജപ്പാൻ ബർമ്മയെ കീഴടക്കിയതിനെ തുടർന്ന് ബർമ്മ അരി കിട്ടാതായതും യുദ്ധകാലത്തെ ലെവി അരി സംഭരണവും മൂലം സാധാരണക്കാരന്റെ ജീവിതം അക്കാലത്ത് ദുരിതപൂർണ്ണമായിരുന്നു. 1970 ജനുവരി ഒന്നു മുതൽ ഭൂപരിഷ്ക്കരണ നിയമം നടപ്പിലായി. കുടികിടപ്പിൽ അവകാശം സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള സമരം ശക്തമായി നടന്ന പ്രദേശങ്ങളിലൊന്നാണിത്. പതിനായിരങ്ങളെ ഭൂവുടമകളാക്കി മാറ്റാൻ ഈ സമരത്തിന് കഴിഞ്ഞു. കാർഷിക പരിഷ്‌ക്കരണത്തിന്റെ ഫലമായി സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ ഈ പഞ്ചായത്തിലും കൃഷിക്കാരും കുടികിടപ്പുകാരും ഭൂവുടമകളായി. ഇന്ന് നെൽകൃഷി ചേപ്പനം പ്രദേശത്തും നാമമാത്രമായി. കയർ വ്യവസായം, തഴപ്പായനെയ്ത്‌ത് തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളിൽ ഏർപ്പെട്ടിരുന്നവർ ഏറെയധികം ഈ പഞ്ചായത്തിലുണ്ടായിരുന്നു. മുസ്ളീങ്ങളും ഹിന്ദുക്കളും ക്രൈസ്തവരും ഒരുമയോടെ വസിക്കുന്ന പ്രദേശമാണിത്. ഇവിടെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ അയിത്തം കൊടികുത്തിവാണ പ്രദേശമാണിത്. ഹിന്ദുക്കളിൽ പതിനഞ്ചു ശതമാനത്തോളം പട്ടികജാതി വിഭാഗത്തിൽപ്പെടുന്നു. പട്ടികജാതിക്കാർക്ക് സ്വന്തമായി കുമ്പളത്തും ചേപ്പനത്തും ആരാധനാ കേന്ദ്രം ആ കാലഘട്ടത്തിലും ഉണ്ടായിരുന്നു. മറ്റു ക്ഷേത്രങ്ങളിൽ പ്രവേശനം നിരോധിക്കപ്പെട്ടിരുന്നു. എങ്കിലും അവിടങ്ങളിലേക്ക് വഴിപാടുകൾ കൊടുക്കുന്ന രീതി അന്നും നിലനിന്നിരുന്നു. കൃഷിയിടങ്ങളിലെ പാട്ടുകൾക്കു പുറമേ ആരാധനക്കുവേണ്ടിയുള്ള പാട്ടുകളും അന്ന് നിലവിലുണ്ടായിരുന്നു. കുമ്പളം പഞ്ചായത്ത് അതിർത്തിയിൽ 27 ഹിന്ദുക്ഷേത്രങ്ങളും 8 ക്രിസ്തീയ ദേവാലയങ്ങളും 8 മുസ്ളീം പള്ളികളും നിലവിലുണ്ട്. മൂന്നു ഗ്രന്ഥശാലകളാണ് പഞ്ചായത്തിലുള്ളത്. കുമ്പളം ഗ്രാമീണ ഗ്രന്ഥശാലയും പനങ്ങാട് പബ്ളിക്ക് ലൈബ്രറിയും ബി ഗ്രേഡ് ഗ്രന്ഥശാലകളാണ്. പഞ്ചായത്തിൽ പ്രൊഫഷണൽ നാടക സംഘവും അമേച്ച്വർ നാടകസംഘവും പ്രവർത്തിക്കുന്നുണ്ട്.

1. പേരിന് പിന്നിലെ ചരിത്രം
'കുമ്പളങ്ങൾ' (കുമ്പളങ്ങ) ധാരാളമായി കൃഷി ചെയ്തിരുന്ന പ്രദേശം ആയതിനാലാണ് ഈ പേര് വന്നതെന്ന് ഒരഭിപ്രായമുണ്ട്. കൂടാതെ, കായലിനാൽ ചുറ്റപ്പെട്ട 'കുമ്പിൾ' ആകൃതിയിലുള്ള പ്രദേശം എന്ന നിലയിലും ഈ പേര് വന്നതായി പറയപ്പെടുന്നു.
2. രൂപീകരണം
1962-ൽ ആണ് കുമ്പളം പഞ്ചായത്ത് ഔദ്യോഗികമായി രൂപീകൃതമായത്.
ആദ്യകാലത്ത് കുമ്പളം, പനങ്ങാട്, ചേപ്പനം, ചാത്തമ്മ തുടങ്ങിയ ദ്വീപുകൾ ചേർന്നതായിരുന്നു ഈ പ്രദേശം.
പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് ടി ആര്‍ രാഘവപ്പണിക്കര്‍ ആയിരുന്നു.
3. ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ
ഒരുകാലത്ത് പുറംലോകവുമായി ബന്ധപ്പെടാൻ വഞ്ചികളെയും കടത്തുവള്ളങ്ങളെയും മാത്രം ആശ്രയിച്ചിരുന്ന ഒരു ഉൾനാടൻ ഗ്രാമമായിരുന്നു കുമ്പളം. എന്നാൽ ദേശീയപാത 66 (പഴയ NH 47) വന്നതോടെ കുമ്പളത്തിന്റെ മുഖച്ഛായ മാറി. കുമ്പളം-അരൂർ പാലവും കുമ്പളം-നെട്ടൂർ പാലവും വന്നതോടെ കൊച്ചി നഗരവുമായും ആലപ്പുഴ ജില്ലയുമായും ഈ പ്രദേശം എളുപ്പത്തിൽ ബന്ധിക്കപ്പെട്ടു.
4. കാർഷിക-സാമൂഹിക പശ്ചാത്തലം
കൃഷി: ഒരുകാലത്ത് നെൽകൃഷിയും (പ്രത്യേകിച്ച് പൊക്കാളി കൃഷി) തെങ്ങ് കൃഷിയുമായിരുന്നു പ്രധാന വരുമാനമാർഗ്ഗം. കായൽ വാര് എടുക്കുന്നതും പ്രധാന തൊഴിലായിരുന്നു.
മത്സ്യബന്ധനം: കായലുകളാൽ ചുറ്റപ്പെട്ട പ്രദേശമായതുകൊണ്ട് തന്നെ ഇവിടുത്തെ ജനജീവിതം മത്സ്യബന്ധനവുമായി ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടുത്തെ ചെമ്മീൻ കെട്ടുകൾ പ്രശസ്തമാണ്.
വിദ്യാഭ്യാസം: കുമ്പളം നോർത്ത് സ്കൂൾ പോലുള്ള പഴക്കമേറിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രദേശത്തിന്റെ സാമൂഹിക വളർച്ചയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
5. വിനോദസഞ്ചാരവും വികസനവും
കൊച്ചി നഗരത്തോട് ചേർന്നുകിടക്കുന്നതിനാൽ ഇന്ന് കുമ്പളം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിക്കഴിഞ്ഞു. നിരവധി റിസോർട്ടുകളും ഹോം സ്റ്റേകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കായൽ സൗന്ദര്യം ആസ്വദിക്കാനും ശാന്തമായ അന്തരീക്ഷത്തിനുമായി ധാരാളം ആളുകൾ ഇന്ന് കുമ്പളത്തെ ആശ്രയിക്കുന്നു.